University of Calicut

| English
11 February 2026

 

Master Plan

1968ൽ സ്ഥാപിതമായ കാലിക്കറ്റ് യൂണിവേഴ്സിറ്റി അതിന്റെ ലോഗോ കാണിക്കുന്നപോലെ ദശലക്ഷക്കണക്കിന് ചെറുപ്പക്കാരെ വിദ്യാഭ്യാസത്തിലേക്ക് മാടിവിളിക്കുകയും വഴികാട്ടുകയയും ചെയ്യുന്ന വിജ്ഞാനത്തിന്റെ പ്രകാശഗോപുരമായി അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ വിളങ്ങിനില്ക്കുന്നു. ബിരുദാനന്തരബിരുദത്തിനുള്ള 25 പഠനവകുപ്പുകളും അത്രതന്നെ ഗവേഷണകേന്ദ്രങ്ങളുമുള്ള സ്വന്തം ക്യാമ്പസിനെക്കൂടാതെ വടക്കന്‍ കേരളത്തിലെ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, വയനാട് എന്നീ ജില്ലകളിലഞ്ചിലും വ്യാപിച്ചു കിടക്കുന്ന 191അഫിലിയേറ്റഡ് കോളേജുകളിലുമായി വര്‍ഷംതോറും 2.75 ലക്ഷം വിദ്യാർഥികൾക്ക് പ്രവേശനം നല്കുന്ന കേരളത്തിലെ ഏറ്റവും വലിയ സർവ്വകലാശാലയായി അത് വളർന്നിരിക്കുന്നു.



പിറവി 

പുതിയ ഒരു സര്‍വ്വകലാശാലയെ വിഭാവനംചെയ്യാനും അചിരേണ അത് സാക്ഷാത്ക്കരിക്കാനും യത്നിച്ച സി. എച്ച്. മുഹമ്മദ് കോയ, സി. അച്ചുതമേനോൻ, കെ പി കേശവമേനോൻ തുടങ്ങിയ പ്രഗത്ഭരായ നേതാക്കളാരും ഇന്ന് നമ്മോടൊപ്പമില്ല. കേരളസര്‍വ്വകലാശാലയുടെ കൊച്ചിയിലും കോഴിക്കോട്ടുമുള്ള ഓരോ പ്രാദേശികകേന്ദ്രംകൊണ്ടു മാത്രം കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ വെല്ലുവിളികളെ നേരിടാനും അതിന്റെ സന്തുലിതമായ വിതരണം നടപ്പാക്കാനും സാദ്ധ്യമല്ലെന്ന് ദീര്‍ഘവീക്ഷണശാലികളായ അവര്‍ തിരിച്ചറിഞ്ഞതിന്റെ ഫലമായാണ് കാലിക്കറ്റ് സര്‍വ്വകലാശാല പിറവിയെടുത്ത്.

 
C.H. Mohammed Koya

വടക്കൻ കേരളത്തിലെ വിജ്ഞാനദാഹികളായ യുവതീ-യുവാക്കൾക്കായി ഉന്നതവിദ്യാഭ്യാസത്തിന്റെ വാതായനങ്ങള്‍ തുറന്നിടുന്ന സര്‍വ്വസന്നാഹങ്ങളുമുള്ള ഒരു സമ്പൂർണ്ണ സർവകലാശാലയാണ് അവർ വിഭാവനംചെയ്തത്. കാലിക്കറ്റ് സര്‍വ്വകലാശാല സ്ഥാപിക്കുകയെന്ന സ്വപ്നം താലോലിച്ചുപോന്ന സി.എച്ച്. മുഹമ്മദ് കോയ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായതടെ ആ സ്വപ്നസാക്ഷാത്ക്കാരത്തിന് ഊര്‍ജ്ജവും ഉത്സാഹവും കൈവന്നു. താമസിയാതെ മുഖ്യമന്ത്രി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ പ്രോത്സാഹനത്തോടെ സംസ്ഥാനത്ത് പുതിയ സർവകലാശാലകൾ സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് പഠിക്കാൻ 22 അംഗ വിദഗ്ധസമിതി രൂപീകൃതമായി. കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാമുവൽ മത്തായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ വിദ്യാഭ്യാസ വിദഗ്ധരും പൊതുപ്രവർത്തകരായ കെ പി കേശവ മേനോൻ, പി പി ഹസ്സൻ കോയ, പി കെ അബ്ദുൽ ഗഫൂർ, പി. ഗോവിന്ദ പിള്ള, കെ സി ചാക്കോ എന്നിവരും അംഗങ്ങളായി. കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തുമായി നടന്ന ഏതാനും കൂടിയിരിപ്പിനെത്തുടര്‍ന്ന് ബിരുദത്തിനും ബിരുദാനന്തരപഠനങ്ങള്‍ക്കും ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള ഒരു സര്‍വ്വകലാശാലാകേന്ദ്രം കോഴിക്കോട്ട് ഉടന്‍ സ്ഥാപിക്കാനും അതിനോട് വടക്കൻ ജില്ലകളില്‍നിലവിലുള്ള കോളേജുകളെ അഫിലിയേറ്റ് ചെയ്യാനും നിര്‍ദ്ദേശിക്കുന്ന പഠനറിപ്പോര്‍ട്ട് കമ്മിറ്റി ഐകകണ്ഠ്യമായി അംഗീകരിച്ച് സര്‍ക്കാരിനു മുമ്പില്‍ സമര്‍പ്പിച്ചു. കൊച്ചിയിലെ തൃക്കാക്കരയിൽ ഒരു ഫെഡറൽ സർവ്വകലാശാലയുടെ രൂപീകരണവും ഇതോടൊപ്പം ശുപാർശചെയ്തു. കമ്മറ്റി റിപ്പോർട്ട് ലഭിച്ച സിഎച്ച് മുഹമ്മദ് കോയ ആവേശത്തോടെ തുടർനടപടികളാരംഭിച്ചു. കാലിക്കറ്റിൽ സർവകലാശാല സ്ഥാപിക്കുന്നതിന്റെ ഭാഗമായി സാങ്കേതികവിദ്യാഭ്യാസ ഡയറക്ടർ കെ സി ചാക്കോയെ സ്പെഷ്യൽ ഓഫീസറായും മുനിസിപ്പൽ കമ്മീഷണർ എം. അബ്ദുൾ റഹിമിനെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായും നിയമിച്ചു.



കേരളസർക്കാരിന്റെ താല്പര്യപ്രകാരം നിര്‍ദ്ദിഷ്ട സര്‍വ്വകലാശാലകളുടെ സാദ്ധ്യതകള്‍ പരിശോധിക്കാനായി ഒസമാനിയ സർവകലാശാല വൈസ് ചാൻസലർ ഡോ. പി.എസ് റെഡ്ഡിയുടെ നേതൃത്വത്തില്‍ യുജിസിയുടെ പ്രത്യേക കമ്മീഷൻ സംസ്ഥാനം സന്ദർശിച്ചു. റെഡ്ഡി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഒരു സർവകലാശാല രൂപീകരിക്കുന്നതിന് 1968 ജൂലൈ 3 ന് യു‌ജി‌സിയുടെ അനുവാദം ലഭിച്ചു. കാലിക്കട്ട് സർവകലാശാല രൂപീകരിക്കുന്നതിന് നിയമനിർമാണം പാസാക്കുന്നതിനായി സംസ്ഥാന നിയമസഭയുടെ സമ്മേളനംവരെ കാത്തിരിക്കാൻ സ്ഥിരോത്സാഹിയായ സി എച്ചിന് കഴിയുമായിരുന്നില്ല. ആ മാസം 23 നുതന്നെ ഓര്‍ഡിന്‍സിലൂടെ കാലിക്കറ്റ് സര്‍വ്വകലാശാല എന്ന സ്വപ്നസാക്ഷാത്ക്കാരത്തിന് തുടക്കമിട്ടു. പിന്നെയെല്ലാം അതിവേഗത്തിലായിരുന്നു. സ്പെഷ്യൽ ഓഫീസർ കെ സി ചാക്കോയെ സർവകലാശാലയുടെ ആദ്യത്തെ പ്രോ-വൈസ് ചാൻസലറായി നിയമിച്ചു; 1968 ഓഗസ്റ്റ് 12 ന് നടന്ന ഒരു പൊതു ചടങ്ങിൽ സർവകലാശാല ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു; കാലിക്കട്ട് യൂണിവേഴ്സിറ്റി ബിൽ 1968 ഓഗസ്റ്റ് 29 ന് സംസ്ഥാന നിയമസഭ പാസാക്കി; സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ, ഫാക്കൽറ്റികൾ, ബോർഡ് ഓഫ് സ്റ്റഡീസ് തുടങ്ങിയ നിയമപരമായ ബോഡികൾ രൂപീകരിച്ചു. ഇത് ഒരു തുടക്കം മാത്രമായിരുന്നു. പിന്നെയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ടായിരുന്നു. പഠനവകുപ്പുകൾക്കും ഭരണനിർവഹണത്തിനുമുള്ള കെട്ടിടങ്ങൾ, വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലുകൾ തുടങ്ങി എല്ലാ അടിസ്ഥാനസൗകര്യങ്ങളുമുള്ള ഒരു സര്‍വ്വകലാശാലാകാമ്പസ് രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. അതില്‍ ആവശ്യമായ മനുഷ്യവിഭവങ്ങള്‍ കണ്ടെത്തി നിയമിക്കുകയുംവേണം. അതിലൊക്കെ പ്രധാനമായി, പുതിയ അക്കാദമിക് പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്ത് ക്ലാസ്സുകൾ ആരംഭിക്കുകയുംവേണം ഇങ്ങനെ നടപ്പാക്കാന്‍ അനവധി കാര്യങ്ങളുണ്ട്. അതിനായി സർവകലാശാലയുടെ വളർച്ചയ്ക്ക് വഴികാട്ടാനും വികസിപ്പിക്കാനും ഉറച്ച അടിത്തറയിടാനും കഴിയുന്ന ദീര്‍ഘവീക്ഷണവും നേതൃഗുണവുമുള്ള ഒരു വൈസ് ചാൻസലറെ കണ്ടെത്തുകയായിരുന്നു നിര്‍ണ്ണായകമായ കടമ്പ. ഇതിനുവേണ്ടിയുള്ള തിരച്ചിൽ ഏറ്റവും അനുയോജ്യനായ വ്യക്തിയിലേക്ക് നയിച്ചു. ബാംഗ്ലൂരിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഡയറക്ടർ ഡോ. എം എം ഘനിയായിരുന്നു അത്. 1969 മെയ് 31 ന് അദ്ദേഹം ആദ്യത്തെ വൈസ് ചാൻസലറായി അധികാരമേറ്റു. അക്കാദമികരംഗത്തും ഭരണരംഗത്തും ഒരുപലെ വൈശിഷ്ട്യമുള്ള അദ്ദേഹം തന്റെ ആറ് വർഷത്തെ ഔദ്യോഗികജീവിതത്തിലെ ഓരോ നിമിഷവും സർവകലാശാലയ്ക്ക് ഒരു ശക്തമായ അടിത്തറ പണിയുന്നതിനുവേണ്ടി സമർപ്പിച്ചു. വടക്കൻ കേരളത്തിൽ ഉന്നത വിദ്യാഭ്യാസം വ്യാപിപ്പിക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് അദ്ദേഹം പരിശ്രമിച്ചു. പ്രോ-വൈസ് ചാൻസലറുടെയും നാമനിർദ്ദേശം ചെയ്യപ്പെട്ട 15 അംഗം സിൻഡിക്കേറ്റിന്റെയും സമ്പൂർണ്ണപിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു.


Convocation ഡോ. ഘനിയുടെ കാലഘട്ടം

ഈ ടീമിന്റെ ഭരണകാലത്താണ് ഏറ്റവും അടിയന്തിരവും ദീർഘകാലത്തേക്ക് വേണ്ടുന്നതുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി  ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.സര്‍വ്വകലാശാലയുടെ ഓഫീസുകൾ,  പഠനവകുപ്പുകൾ, ഹോസ്റ്റലുകൾ എന്നിവയ്ക്കുള്ള കെട്ടിടങ്ങള്‍ അടിയന്തരാവശ്യങ്ങൾ എന്ന നിലയില്‍ അതിവേഗം പണിതെടുത്തു.  കോഴിക്കോട് ഗവൺമെന്റ് പോളിടെക്നിക്കിൽ താൽക്കാലികമായി സ്ഥിതിചെയ്യുന്ന വൈസ് ചാൻസലർ ഓഫീസ് 1969 ഒക്ടോബറിൽ കാമ്പസിലേക്ക് മാറ്റി. 1970 ജൂൺ ആയപ്പോഴേക്കും ബോട്ടണി, കെമിസ്ട്രി, ഹിസ്റ്ററി, സുവോളജി എന്നീ നാല് പഠനവകുപ്പുകൾ കാമ്പസിലേക്ക് മാറ്റി. ആ വർഷം, അദ്ധ്യാപകരും വിദ്യാർത്ഥികളും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളും ഉൾപ്പെട്ട കുറച്ച് പേർ കാമ്പസിൽ താമസമാക്കി. കാമ്പസിലെ അവരുടെ സാന്നിധ്യം അടിസ്ഥാന  സൗകര്യവികസനത്തിന് ആക്കം കൂട്ടി. ഏകദേശം മൂന്ന് വർഷത്തിനിടയിൽ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, ഗസ്റ്റ് ഹൗസ്, ഹോസ്റ്റലുകൾ, ടീച്ചേഴ്സ് ഹോസ്റ്റൽ, ഹെൽത്ത് സെന്റർ, ലൈബ്രറി, കാമ്പസ് റോഡുകൾ, ഇൻഡോർ സ്റ്റേഡിയം, ജലവിതരണ സംവിധാനം തുടങ്ങിയ അടിന്തരാവശ്യങ്ങള്‍ ഭൂരിഭാഗവും പൂർത്തിയാക്കി. 

1974 ആയപ്പോഴേക്കും ഓരോ ശാസ്ത്രവകുപ്പിനും സ്ഥിരമായ കെട്ടിടങ്ങൾ, നാല് ഭാഷാ വകുപ്പുകൾക്കായുള്ള ഒരു ബ്ലോക്ക്, അഡ്മിനിസ്ട്രേഷൻ കെട്ടിടം എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയായിരുന്നു. 1975 ൽ അഞ്ചാം പഞ്ചവത്സരപദ്ധതി കാലഘട്ടത്തിന്റെ തുടക്കത്തിൽ സർവകലാശാല ഗണ്യമായ പുരോഗതി കൈവരിച്ചു. വകുപ്പുകളുടെ എണ്ണം 4 ൽനിന്ന് 11 ആയി ഉയർന്നു, അഞ്ചാം പദ്ധതി കാലയളവിൽ ഏഴ് വകുപ്പുകൾ കൂടി ആരംഭിക്കുന്നതിന് യുജിസിയുടെ അനുമതി വാങ്ങി, തലശ്ശേരിയിൽ യൂണിവേഴ്സിറ്റി സെന്റർ സ്ഥാപിക്കുകയും തൃശൂർ സെന്ററിന്റെ പണിയാരംഭിക്കുകയും ചെയ്തു. ബിരുദാനന്തരബിരുദ കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതിനു പുറമേ, പഠനവകുപ്പുകൾ ഗവേഷണപദ്ധതികൾ ഏറ്റെടുക്കുകയും അതിനായി ബാഹ്യ ഏജൻസികളുടെ സാമ്പത്തികസഹായം സംഘടിപ്പിക്കുയും ചെയ്തു. ഏതാനും വിഷയങ്ങളിൽ ഡോക്ടറൽ പ്രോഗ്രാമുകളും ആരംഭിച്ചു. സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള  കോളേജുകളിലും കാര്യമായ പുരോഗതി ഉണ്ടായി. അവയുടെ എണ്ണം 1968 ൽ 54 ആയിരുന്നത് 1975 അവസാനത്തോടെ 70 ആയി ഉയർന്നു. ഈ കോളേജുകളിൽ ചിലതിൽ പുതിയ കോഴ്സുകൾ ആരംഭിച്ചു. ബിരുദ-ബിരുദാനന്തരതലങ്ങളിൽ അധ്യാപന-പഠന പ്രക്രിയയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്താൻ നടത്തിയ നിരവധി സമഗ്രമായ ശ്രമങ്ങളില്‍ അധ്യാപകരുടെ അറിവും നൈപുണ്യവും ഉയർത്തുന്നതിനായി സംഘടിപ്പിച്ച ഓറിയന്റേഷൻ, ഹ്രസ്വകാല കോഴ്സുകൾ, പരീക്ഷാപരിഷ്കരണപരിപാടി തുടങ്ങിയവ ദേശീയമായ ശ്രദ്ധനേടിയവയാണ്. രാജ്യത്തെ നിരവധി സർവകലാശാലകൾക്ക് മാതൃകയായി മാറി ഈ  അതുല്യമായ പരീക്ഷണം. അഞ്ച്, ആറ്, എട്ട് പദ്ധതി കാലഘട്ടങ്ങളിൽ തുടർന്നുള്ള വർഷങ്ങളിൽ, സർവകലാശാലയിൽ മാറി മാറി വന്ന ഡോ. നൂർ മുഹമ്മദ്, പ്രൊഫ. കെ എ ജലീൽ, ഡോ. ടി. എന്‍. ജയചന്ദ്രൻ, പ്രൊഫ. ടി കെ രവീന്ദ്രൻ, ഡോ. എ എൻ പി ഉമ്മർകുട്ടി, പ്രൊഫ. കെ കെ എൻ കുറുപ്പ്, പ്രൊഫ. സയ്യിദ് ഇക്ബാൽ ഹസ്നൈൻ എന്നീ വൈസ് ചാൻസലർമാരുടെ നേതൃത്വത്തിൽ എല്ലാ മേഖലകളിലും പ്രശംസനീയമായ പുരോഗതി കൈവരിച്ചു .


  വിപുലീകരണ ഘട്ടം

Jurisdiction of The University അഞ്ചാം പദ്ധതി കാലയളവ് കാലിക്കറ്റ് സർവകലാശാലയുടെ വികസന ചരിത്രത്തിലെ ഒരു പ്രധാന ഘട്ടമായി. കടുത്ത സമ്മർദ്ദവും ബുദ്ധിമുട്ടും ഉണ്ടായിരുന്നിട്ടും അക്കാദമിക് പ്രോഗ്രാമുകൾ വിപുലീകരിക്കാനും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനും സാധിച്ചു. അടിസ്ഥാനസൗകര്യവികസനത്തിലൂടെ നിലവിലുള്ളതും ഭാവിയിൽ നടക്കുന്നതുമായ പദ്ധതികൾക്ക്  ആവശ്യമായ പിന്തുണ നൽകുകയായിരുന്നു പ്രധാന ലക്ഷ്യം. ഒമ്പത് പുതിയ വകുപ്പുകൾ സ്ഥാപിച്ചത് ഈ കാലയളവിലെ വലിയ നേട്ടമായിരുന്നു. അതില്‍ ഏഴെണ്ണം യുജിസി സഹായത്തോടെയാണെങ്കില്‍ രണ്ടെണ്ണം പൂര്‍ണ്ണമായും സർവകലാശാലയുടെ സ്വന്തം മൂലധനമുപയോഗിച്ചാണ്. 1976 ൽ സാമ്പത്തികശാസ്ത്രം (തൃശൂരിൽ), മാത്തമാറ്റിക്സ്, സൈക്കോളജി, ഫിലോസഫി, മാസ് കമ്മ്യൂണിക്കേഷൻ, റഷ്യൻ;1977 ൽ സംസ്കൃതവകുപ്പും സ്കൂൾ ഓഫ് ഡ്രാമയും (തൃശൂരിൽ); 1978 ൽ ലൈബ്രറി, ഇൻഫർമേഷൻ സയൻസസ്, ലൈഫ് സയൻസസ് എന്നീ വകുപ്പുകൾ. 1976 ൽ ഹിന്ദി, മലയാളം, ഹിസ്റ്ററി എന്നീ വിഭാഗങ്ങളിൽ എംഫിൽ കോഴ്‌സുകൾ, 1977 ൽ അറബിക്, 1980 ൽ ഫിസിക്സ് എന്നിവ അങ്ങനെ വന്നവയാണ്. 1975 ലാണ്  ആദ്യത്തെ എം.ഫിൽ.  പ്രോഗ്രാം ഇംഗ്ലീഷ് വിഭാഗത്തിൽ ആരംഭിച്ചത്. അഞ്ചാം പദ്ധതിയിലെ മൂന്നാമത്തെ പ്രധാന പ്രവർത്തനം യൂണിവേഴ്സിറ്റി ലീഡർഷിപ്പ് പ്രോജക്ടിന് കീഴിലുള്ള ഭൗതികശാസ്ത്രവകുപ്പിൽ യുജിസി സ്പോൺസർ ചെയ്ത കോളേജ് സയൻസ് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചതാണ്. കോളേജുകളിൽ ഭൗതികശാസ്ത്രം പഠിപ്പിക്കുന്നതിനുള്ള ഒരു ഡാറ്റാ ബാങ്ക് സമാഹരിക്കുക, കോളേജ് അധ്യാപകരെ പരിശീലിപ്പിക്കുക, യുജിസി സഹായത്തോടെ ചെറിയ വർക്ക് ഷോപ്പുകൾ / ലബോറട്ടറികൾ സ്ഥാപിക്കുന്നതിന് കോളേജുകളെ സഹായിക്കുക എന്നിവയാണ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ. അക്കാദമികമായ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ കാലയളവിൽ ഗ്രീൻ ഹൗസോടുകൂടിയ ബൊട്ടാണിക്കൽ ഗാർഡൻ, ഭൗതികശാസ്ത്രവകുപ്പിൽ റേഡിയേഷൻ ലബോറട്ടറി, സെൻട്രൽ വർക്ക്‌ഷോപ്പ്, ഇൻസ്ട്രുമെന്റേഷൻ ലബോറട്ടറി ( ഇത് പിന്നീട്   യൂണിവേഴ്‌സിറ്റി സയൻസ് ഇൻസ്ട്രുമെന്റേഷൻ സെന്റർ എന്ന് അറിയപ്പെട്ടു) എന്നിവ സ്ഥാപിച്ചു. 1980ന്റെ അവസാനത്തോടെ,  ബോട്ടണി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, സുവോളജി എന്നീ വിഭാഗങ്ങളും അഡ്മിനിസ്ട്രേറ്റീവ് ഓഫീസും സ്ഥിരമായ കെട്ടിടങ്ങളിലേക്ക് മാറ്റി. ഭാഷാവകുപ്പുകളുടെ കെട്ടിടം പൂർത്തിയായി. കാമ്പസിൽ ഒരു ഫിൽട്ടർ പ്ലാന്റ് നിർമ്മിക്കുക എന്നതായിരുന്നു മറ്റൊരു പ്രധാന ആവശ്യം. 1982 ൽ ഇത് കമ്മീഷൻ ചെയ്തതോടെ, കാമ്പസിലെ ശുദ്ധ ജലവിതരണമെന്ന ദീർഘകാല ആവശ്യം സർവകലാശാല നിറവേറ്റി. 80 കളിൽ  ആറാമത്തെയും ഏഴാമത്തെയും പദ്ധതി കാലയളവിൽ, യൂണിവേഴ്സിറ്റി  പ്രാഥമികമായി കേന്ദ്രീകരിച്ചത് യൂണിവേഴ്സിറ്റി ഡിപ്പാർട്ട്‌മെന്റുകളുടെയും അനുബന്ധകോളേജുകളുടെയും അദ്ധ്യാപന-ഗവേഷണ പരിപാടികളുടെ ഏകീകരണത്തിലും ശാക്തീകരണത്തിലുമാണ്. ഈ നയം അനുസരിച്ച്, മിക്ക കോഴ്സുകളുടെയും പാഠ്യപദ്ധതി പരിഷ്കരിക്കുകയും ചില കോഴ്സുകൾ പരീക്ഷണാടിസ്ഥാനത്തിൽ പുനസ്സംഘടിപ്പിക്കുകയും ചെയ്തു. ഈ ലക്ഷ്യങ്ങൾ‌ പൂർ‌ത്തിയാക്കുന്നതിനായി, അദ്ധ്യാപനവകുപ്പുകൾ‌ക്ക്, പ്രത്യേകിച്ചും അധ്യാപകക്ഷാമം ഉണ്ടായിരുന്നവയ്ക്ക് അധിക ഫാക്കൽറ്റികള്‍ നല്കി. കൂടാതെ യു‌ജി‌സിയുടെ ഗ്രാന്റ് ഉപയോഗിച്ച് പുതിയ ഉപകരണങ്ങളുള്ള ലബോറട്ടറികളും ഒരുക്കി. ഈ സംരംഭങ്ങളിലൂടെ, ഏഴാം പദ്ധതിയുടെ അവസാനത്തോടെ  സർവകലാശാലാവകുപ്പുകളെ ഉന്നത തലത്തിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യം കൈവരിക്കാനായി. ബോട്ടണി വകുപ്പ് വികസിതപദവി നേടിയപ്പോൾ, രസതന്ത്രം, ഹിന്ദി, ചരിത്രം, സുവോളജി എന്നീ നാല് വകുപ്പുകൾ അതിന്റെ പടിവാതില്ക്കലെത്തി. മറ്റു വകുപ്പുകൾ, വികസ്വര വിഭാഗത്തിലായിരുന്നെങ്കിലും പലതും ബിരുദാനന്തര ബിരുദവും പ്രീ-ഡോക്ടറല്‍കോഴ്സുകളും ചിലവ ജോലിസാദ്ധ്യത കൂടിയ ചില ഡിപ്ലോമ കോഴ്സുകളും തുടങ്ങിക്കൊണ്ട് അതിവേഗം മുന്നേറി. ഏഴാം പദ്ധതി കാലയളവിൽ സർവകലാശാല രണ്ട് പുതിയ വകുപ്പുകൾ തുറന്നു. 1986 ൽ തലശ്ശേരിയിൽ നരവംശശാസ്ത്രവകുപ്പും 1988 ൽ ഗണിതശാസ്ത്രവിഭാഗത്തെ പകുത്ത്കൊണ്ട് ആരംഭിച്ച സ്റ്റാറ്റിസ്റ്റിക്സ് വകുപ്പും. ഇതിനുപുറമെ  യു‌ജി‌സി രണ്ട് പ്രധാന പദ്ധതികൾ നടപ്പിലാക്കാൻ യൂണിവേഴ്സിറ്റിയെ  തിരഞ്ഞെടുത്തു - 1987 ൽ ആരംഭിച്ച അക്കാദമിക് സ്റ്റാഫ് കോളേജ്, 1988 ൽ ചരിത്രവകുപ്പിലാരംഭിച്ച യൂണിവേഴ്സിറ്റി ലീഡർഷിപ്പ് പ്രോഗ്രാം എന്നിവയാണവ. വിദ്യാർഥികൾക്ക് ന്യായമായ വിലയില്‍ മികച്ച നിലവാരമുള്ള പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്വന്തമായി ഒരു പ്രസിദ്ധീകരണവിഭാഗം 1989ല്‍ ആരംഭിച്ചു. ബിരുദതലത്തിലുള്ള വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങൾക്ക് പുറമേ, 40 ഗവേഷണപ്രബന്ധങ്ങള്‍ പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചു. അഞ്ച് ഗവേഷണ ജേണലുകളും ഈ വിഭാഗം പ്രസിദ്ധീകരിച്ചു. എട്ടാം പദ്ധതി കാലയളവിൽ പുതിയ സാമൂഹിക, സാമ്പത്തിക, അക്കാദമിക്, സാങ്കേതിക ആവശ്യങ്ങൾ മുന്നോട്ടുവച്ച വെല്ലുവിളികളെ നേരിടാൻ അക്കാദമിക് പ്രോഗ്രാമുകളിൽ കൂടുതൽ ഗുണപരമായ മാറ്റങ്ങൾ വരുത്താൻ സർവ്വകലാശാലയെ സജ്ജമാക്കി. ഈ കാലയളവിൽ, ബാഹ്യ ഏജൻസികളുടെ ധനസഹായത്തോടെ രണ്ട് വകുപ്പുകൾ സർവകലാശാല സ്ഥാപിച്ചു. ആദ്യത്തേത്  കേരള സർക്കാരിന്റെ ബയോടെക്നോളജി വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ 1995ൽ ആരംഭിച്ച ബയോടെക്നോളജി വകുപ്പായിരുന്നു.   ബിരുദാനന്തരബിരുദതലത്തിൽ ബയോടെക്നോളജിയിൽ അദ്ധ്യാപന-ഗവേഷണപരിപാടികൾ നടത്തുന്നതിനായിരുന്നു ഇത് ഊന്നൽ നൽകിയത്. രണ്ടാമത്തേത് യുജിസിയുടെ ധനസഹായമുള്ള ഓഡിയോ വിഷ്വൽ റിസർച്ച് സെന്ററായിരുന്നു. ഡിഡി നെറ്റ്‌വർക്ക് - ഡിഡി 1, വ്യാസ്, ദി ഹയർ എഡ്യൂക്കേഷൻ ചാനൽ, ഡി ഡി ഭാരതി, ജ്ഞാന്‍ദർശൻ എന്നിവയിൽ പ്രക്ഷേപണത്തിനായി വിദ്യാഭ്യാസവീഡിയോ പരിപാടികൾ ഈ കേന്ദ്രം നിർമ്മിക്കുന്നു. 90 കളുടെ അവസാനത്തിൽ സർവകലാശാല വിവിധ തൊഴിൽമേഖലകളിൽ പരിശീലനം നൽകുന്നതിനായി കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, എഞ്ചിനീയറിംഗ്, ഫുഡ് ടെക്നോളജി, ഫാഷൻ ഡിസൈൻ എന്നിങ്ങനെ ‍തൊഴിലധിഷ്ഠിതമായ വിവിധതരം സ്വാശ്രയകോഴ്‌സുകൾ ആരംഭിച്ചു. ബാച്ചിലർ ഓഫ് എഡ്യൂക്കേഷൻ പ്രോഗ്രാം (ബി.എഡ്) കോഴ്‌സ് നടത്താൻ 11 അധ്യാപകവിദ്യാഭ്യാസകേന്ദ്രങ്ങളും സർവകലാശാല രൂപീകരിച്ചു. പശ്ചിമേഷ്യൻ പഠനത്തെ കേന്ദ്രീകരിച്ച് അധ്യാപന-ഗവേഷണ പരിപാടികൾ നടത്തുന്നതിന് 1997 ൽ കുഞ്ഞാലി മരക്കാർ സെന്റർ ഫോർ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് വടകരയിൽ ആരംഭിച്ചു. കൂടാതെ1999 ൽ വടകരയിൽത്തന്നെ സെന്റർ ഫോർ ഫോക്‍ലോര്‍ സ്റ്റഡീസും ആരംഭിച്ചു. ഈ കേന്ദ്രം ഫോക്‌ലോറിൽ  ബിരുദാനന്തര ബിരുദകോഴ്‌സ് നടത്തുന്നതിനു പുറമേ  കേരളത്തിലെ നാടോടി പാരമ്പര്യത്തെക്കുറിച്ച് ഗവേഷണം നടത്തുകയും അത് രേഖപ്പെടുത്തുകയും ചെയ്യുന്നു.


  കോളേജ് മേഖല

വടക്കൻ കേരളത്തിലെ ദശലക്ഷക്കണക്കിന് ചെറുപ്പക്കാർക്ക് കോളേജ് വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ സർവകലാശാല വലിയൊരു പരിധിവരെ വിജയിച്ചു. 54  കോളേജുകളുമായാണ്  യൂണിവേഴ്സിറ്റി യാത്ര ആരംഭിച്ചത്. എന്നാൽ തങ്ങളുടെ ലക്ഷ്യം നേടാൻ ഇത് പര്യാപ്തമല്ല എന്ന് ബോധ്യത്തിൽ നിന്നാണ് കൂടുതൽ കോളേജുകൾ ആരംഭിച്ചത്. സർവകലാശാലാചരിത്രത്തിന്റെ ആദ്യദശകത്തിൽ (1968 -77)   കോളേജുകളുടെ എണ്ണത്തിൽ വളർച്ച മന്ദഗതിയിലായിരുന്നു. 20 കോളേജുകൾ മാത്രമാണ് പുതുതായി ഉണ്ടാക്കിയത്. എന്നിരുന്നാലും, അടുത്ത അഞ്ചുവർഷം (1978 -82) കോളേജ് ലെവൽ കോഴ്സുകളിലേക്ക് പ്രവേശനം തേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർധന കണക്കിലെടുത്ത് 19 കോളേജുകൾകൂടി  സ്ഥാപിതമായി. ഇതോടെ കോളേജുകളുടെ എണ്ണം 93 ആയി ഉയർന്നു. 1983 -92 ദശകത്തിൽ എട്ട് കോളേജുകൾ കൂടി തുറന്നു. ഇതോടെ അഫിലിയേറ്റഡ് കോളേജുകൾ 101 ആയി. ഈ ദശകത്തിൽ  കോളേജുകളുടെ എണ്ണം വർദ്ധിക്കുന്നതിലല്ല മറിച്ച് കോഴ്സുകളുടെ വിപുലീകരണത്തിലും വൈവിധ്യവൽക്കരണത്തിലുമാണ് ഊന്നിയത്. ചില കോളേജുകൾ ബിരുദകോഴ്സുകൾ അവതരിപ്പിച്ചപ്പോൾ മറ്റു ചിലവ ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾ ആരംഭിച്ചു. ഈ ദശകത്തിന്റെ അവസാനത്തിൽ ബിരുദകോഴ്സുകൾ ആരംഭിച്ചുകൊണ്ട്  14 ജൂനിയർ കോളേജുകളെ ഫസ്റ്റ് ഗ്രേഡ് കോളേജുകളുടെ പദവിയിലേക്ക് ഉയര്‍ത്തി. വിദ്യാർത്ഥിസമൂഹത്തിലെ 85 ശതമാനത്തിലധികംപേരും കോളേജുകളിൽ വിദ്യാഭ്യാസം നേടുന്നതിനാൽ, സർവ്വകലാശാലയുടെ നിയന്ത്രണത്തിലുള്ള കോളേജുകളിൽ ശരിയായ ആസൂത്രണവും സംയോജിതവികസനവും ആവശ്യമാണെന്ന് യുജിസിക്ക് തോന്നി. അതനുസരിച്ച്, 1988 ൽ സർവകലാശാല ഒരു ഡയറക്ടറുടെ നേതൃത്വത്തിൽ കോളേജ് വികസന കൗൺസിൽ രൂപീകരിച്ചു. തുടർന്നുള്ള ദശകത്തിൽ (1993-2002)  കോളേജുകളുടെ എണ്ണത്തിൽ ശ്രദ്ധേയമായ വളർച്ചയുണ്ടായി.1992 അവസാനത്തിൽ 101 ആയിരുന്നത് 2002 അവസാനത്തോടെ 138 ആയി. 37 പുതിയ കോളേജുകൾ നിലവിൽ വന്നു. ഇന്ന് സർവകലാശാലയ്ക്ക് 191 അനുബന്ധകോളേജുകളുണ്ട്. ഇതിൽ 95 എണ്ണം ആർട്സ് / സയൻസ് / ഐഎച്ച്ആർഡി കോളേജുകൾ, 22 എഞ്ചിനീയറിംഗ് കോളേജുകൾ, 20 അറബിക് കോളേജുകൾ, 20 പരിശീലന കോളേജുകൾ, 12 നഴ്സിംഗ് കോളേജുകൾ, 8 ഫാർമസി കോളേജുകൾ കൂടാതെ 5 മെഡിക്കൽ കോളേജുകൾ, 4 ആയുർവേദ കോളേജുകൾ, 2 ഡെന്റൽ കോളേജുകൾ, 2 ലോ കോളേജുകൾ, 1 ഹോമിയോ കോളേജ് എന്നിങ്ങനെയാണ് . അവയുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ താഴെ നൽകിയിരിക്കുന്നു. കോഴിക്കോട് - 52 കോളേജുകൾ, തൃശ്ശൂർ - 52 കോളേജുകൾ, മലപ്പുറം - 53 കോളേജുകൾ, പാലക്കാട് - 29 കോളേജുകൾ, വയനാട് - 5 കോളേജുകൾ. 150 ഓളം കോളേജുകൾ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്. ബാക്കിയുള്ളവ സംസ്ഥാന സർക്കാരാണ് നടത്തുന്നത്. ഈ 191 കോളേജുകൾ‌ക്ക്  31,000 ആണ് ഓരോ വർഷവുമുള്ള ഉപഭോഗശേഷി. കോളേജുകളിലെ പതിവ് കോഴ്സുകളിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനം  നിരവധി മടങ്ങ് വളർച്ച കൈവരിച്ചിട്ടുണ്ട്. 1968 ൽ യൂണിവേഴ്സിറ്റി ഡിപ്പാർട്ട്‌മെന്റുകളിലും അനുബന്ധ കോളേജുകളിലുമടക്കം 44,000 വിദ്യാർത്ഥികളുണ്ടായിരുന്നു. ആദ്യ ദശകത്തിൽ (1968 -77) മന്ദഗതിയിലുള്ളതും എന്നാൽ ക്രമാനുഗതവുമായിരുന്നു വളർച്ചാനിരക്ക്. 1980 ൽ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിലൂടെ വളർച്ചാ നിരക്ക് 23.7 ശതമാനത്തിലെത്തി. 1979 ൽ 65,000 ആയിരുന്നത് 1980ൽ   86,000 ആയി ഉയർന്നു.  1983 ൽ ഇത് ഒരു ലക്ഷമായി. 1991 ൽ 1.24 ലക്ഷത്തിലെത്തി. 1992 ൽ  ഇത് 1.12 ലക്ഷമായി കുറഞ്ഞു. പ്രൈവറ്റായും ധാരാളം വിദ്യാർഥികൾ പ്രവേശനം നേടി പ്രത്യേകിച്ചും പ്രീ-ഡിഗ്രി കോഴ്സുകളിൽ. കായികമേഖലാവികസനത്തിന് ഉത്തേജനം നൽകുന്നതിനുള്ള യൂണിവേഴ്സിറ്റിയുടെ ശ്രമഫലമായാണ് ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം രൂപീകരിച്ചത്. ഈ വിഭാഗം കായികമേഖലയിൽ കനത്ത സംഭാവനകൾ നൽകി. നിരവധി ട്രാക്ക്, ഫീൽഡ് ഇവന്റുകളിലും പ്രാദേശിക, ദേശീയ മീറ്റുകളിലും സർവകലാശാലാ ടീമുകൾക്ക് തങ്ങളുടെ മേധാവിത്വം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര മീറ്റുകളിലെ മികച്ച പ്രകടനത്തിലൂടെ രാജ്യത്തിന് അഭിമാനമുണ്ടാക്കിയ പി.ടി.ഉഷ, ഷൈനി വിൽസൺ, അഞ്ജു ബോബി ജോർജ് എന്നിവർ സർവകലാശാലയിലൂടെ വളര്‍ന്നുവന്ന അത്‌ലറ്റുകളാണ്.