University of Calicut

| English
11 February 2026
Sample image

സർവകലാശാല യെക്കുറിച്ച് കേരളത്തിലെ ഏറ്റവും വലിയ സർവകലാശാലയാണ് കാലിക്കറ്റ് സർവകലാശാല. കേരളത്തിലെ രണ്ടാമത്തെ സർവകലാശാലയായ ഇത് 1968 ലാണ് സ്ഥാപിതമായത്. കേരളത്തിന്റെ അക്കാദമിക് ഭൂപടത്തിന്റെ പരിധിയിൽ വരുന്ന വടക്കൻ കേരളത്തിലെ പ്രധാന ഇടങ്ങളിൽ വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും മികവ് വളർത്തുകയാണ് സർവകലാശാല പ്രധാനമായും ലക്ഷ്യമിടുന്നത്. ഗുണനിലവാരമുള്ള മാനവ വിഭവശേഷി വളർത്തുന്നതിനും പ്രാദേശിക സമൂഹങ്ങൾക്കും വിശാലമായ മാനവികതയ്ക്കും ഒരുപോലെ പ്രയോജനപ്രദമായ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും സർവകലാശാല ഊന്നൽ നൽകുന്നു. ഒരു സർക്കാർ പദ്ധതിയിലൂടെ കേരളസർവകലാശാലയെ വിഭജിച്ചുകൊണ്ടാണ് കാലിക്കറ്റ് സർവകലാശാല രൂപീകരിച്ചത്. ഈ  പദ്ധതി പ്രകാരം, കാലിക്കറ്റിൽ പ്രവർത്തിക്കുന്ന കേരള സർവകലാശാലയുടെ നാല് ബിരുദാനന്തരബിരുദവകുപ്പുകളും ഏഴ് വടക്കൻ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന അമ്പത്തിനാല് അനുബന്ധ കോളേജുകളും പുതിയ സർവകലാശാലയുമായി കൂട്ടിച്ചേർത്തു. 'നിർമ്മായ കർമണാ ശ്രീ ' എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട്, എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് കേരളത്തിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ കം അഫിലിയേറ്റ് സർവകലാശാലയായി ഉയർന്നുവരാൻ സർവകലാശാലയ്ക്ക് കഴിഞ്ഞു. ഇന്ന് 30 ബിരുദാനന്തരബിരുദ വകുപ്പുകളും 395 കോളേജുകളും ഉള്ള ഈ സർവകലാശാല ഉത്തര കേരളത്തിലെ ലക്ഷക്കണക്കിന് ചെറുപ്പക്കാർക്ക് പ്രത്യാശയുടെയും പ്രബുദ്ധതയുടെയും ഒരു ദീപമായി മാറിയിരിക്കുന്നു.

 

 
 
Sattellite View of the Campus
സി.യു കാമ്പസിന്റെ ഉപഗ്രഹ ചിത്രം
 
 

കാലിക്കട്ട് നഗരത്തിൽ നിന്നും 24 കിലോമീറ്റർ തെക്കായി തേഞ്ഞിപ്പാലത്ത് സ്ഥിതിചെയ്യുന്ന യൂണിവേഴ്സിറ്റി കാമ്പസാണ് അക്കാദമിക് പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രം. മിക്ക പഠന-ഗവേഷണ വകുപ്പുകൾക്കും പുറമെ വൈസ് ചാൻസലറുടെ ഓഫീസ്, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, പരീക്ഷ ഭവൻ, സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, യുജിസി എച്ച്ആർഡി സെന്റർ, മൾട്ടിമീഡിയ റിസർച്ച് സെന്റർ, യൂണിവേഴ്സിറ്റി ലൈബ്രറി, സെൻട്രൽ സയൻസ് ബ്ലോക്ക്, അതിഥി മന്ദിരങ്ങൾ എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു. അറബിക്, ബോട്ടണി, ബയോടെക്നോളജി, വിമൻ സ്റ്റഡീസ്, കെമിസ്ട്രി, കൊമേഴ്‌സ്, മാനേജ്‌മെന്റ് സ്റ്റഡീസ്, കമ്പ്യൂട്ടർ സയൻസ്, എഡ്യൂക്കേഷൻ, ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം, ലൈഫ് സയൻസ്, ലൈബ്രറി, ഇൻഫർമേഷൻ സയൻസ് ലൈഫ് ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റൻഷൻ, മലയാള- കേരളപഠന വിഭാഗം, മാത്തമാറ്റിക്സ്, നാനോ സയൻസ് ആന്റ് ടെക്നോളജി, ഫിലോസഫി, ഫിസിക്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ, സൈക്കോളജി, റഷ്യൻ, താരതമ്യ സാഹിത്യം, സംസ്കൃതം, ഫോക്‍ലോർ സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി, എൻവയോൺമെന്റൽ സയൻസ്, ജിയോളജി, സോഷ്യോളജി ആന്റ് ലോ എന്നിവയാണ് കാമ്പസിലെ പ്രധാന പഠനവകുപ്പുകൾ. യൂണിവേഴ്സിറ്റിക്ക് കാമ്പസിനു പുറത്ത് രണ്ട് സെന്ററുകളുണ്ട്, ഒന്ന് തൃശ്ശൂരിലും മറ്റൊന്ന് , സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള വയനാടും. രണ്ടാമത്തേത് ആദിവാസി ഗോത്ര ശാക്തീകരണം ലക്ഷ്യമിട്ടുള്ളതാണ്. ഇത് കൂടാതെ യൂണിവേഴ്സിറ്റിയ്ക്ക് കീഴിൽ ധാരാളം സ്വാശ്രയ സ്ഥാപനങ്ങളും ഉണ്ട്. ഏതുഭാഗത്തുമുള്ള വിദ്യാർത്ഥികൾക്ക് സര്‍വ്വകലാശാലയുമായി എളുപ്പത്തില്‍ ബന്ധപ്പെടാനും വിവരവിനിമയം നടത്താനുമായി തങ്ങളുടെ അധികാരപരിധിയിലെ അഞ്ച് ജില്ലകളിലും വിവരകേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ വെല്ലുവിളികളെ നേരിടാൻ, ഒരേ കുടക്കീഴിൽ പരമ്പരാഗതവും നൂതനവുമായ പഠനങ്ങളും ഗവേഷണങ്ങളും സർവകലാശാല വാഗ്ദാനം ചെയ്യുന്നു. ഇ-ഗവേണൻസിലൂടെയുള്ള ഭരണം, പരീക്ഷകളുടെ കമ്പ്യൂട്ടർവത്കരണം, സ്മാർട്ട് ക്ലാസ് മുറികളുടെ സ്ഥാപനം, ലബോറട്ടറികളുടെ നവീകരണം, പ്രശസ്ത പണ്ഡിതരുടെയും ശാസ്ത്രജ്ഞരുടെയും പ്രഭാഷണങ്ങൾ തുടങ്ങിയവ പ്രത്യേകിച്ചും പരാമർശിക്കേണ്ട നൂതന പ്രവർത്തനങ്ങളാണ്. 394 കോളേജുകൾ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.ഇതിൽ 102 എണ്ണം കോഴിക്കോട് ജില്ലയിലാണ്. തൃശൂർ - 74, മലപ്പുറം - 92, പാലക്കാട് - 71, വയനാട് - 18 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകൾ. ഏറ്റവും പിന്നോക്കക്കാർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും അവസരങ്ങൾ നൽകുന്ന സമഗ്ര വളർച്ചയാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. അതിനായാണ് ഞങ്ങളുടെ മുഴുവൻ ശക്തിയും വിനിയോഗിക്കുന്നത്.